പട്ടുനൂൽപ്പുഴു; പച്ചയായ ജീവിതങ്ങളുടെ കാണാപ്പുറങ്ങൾ തേടി ഒരു യാത്ര.
പട്ടുനൂൽപ്പുഴു; പച്ചയായ ജീവിതങ്ങളുടെ കാണാപ്പുറങ്ങൾ തേടി ഒരു യാത്ര.
ജീവിതത്തിലുണ്ടാകുന്ന ഒറ്റപ്പെടൽ വേദനയാണു നിങ്ങൾക്കു സമ്മാനിക്കുന്നുവെങ്കിൽ നിങ്ങൾ സാംസയെ ഓർക്കുക. മനസ്സിനെ ബാധിച്ച മുറിവുകളിൽ നിന്നും വ്യത്യസ്തമായൊരു ജീവിതാസ്വാദനം നിങ്ങളെ വന്നു പൊതിയും. എസ്. ഹരീഷ് എഴുതി ഡിസി ബുക്സ് പുറത്തിറക്കിയ പട്ടുനൂൽപ്പുഴു എന്ന നോവൽ വായിച്ചപ്പോൾ തോന്നിയത് അതാണ്.
ജീവിതയാഥാർഥ്യങ്ങൾ അർദ്ധനഗ്നനായ് വിഹരിക്കുന്ന താളുകളിലൂടെ വായനക്കാരൻ്റെ ചിന്തകളിലേക്ക് സാംസയെന്ന പതിമൂന്നുകാരൻ ഒരു ചിങ്ങമഴ പോലെ അരിച്ചിറങ്ങുകയായിരുന്നു. ഉണ്മയുടെയും ഉറക്കത്തിൻ്റെയും ഇടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്നൊരു പുഴ പോലെ അതങ്ങനെ ഒഴുകുന്നുണ്ടായിരുന്നു. ചുറ്റുവട്ടത്തിൻ്റെ സമവാക്യങ്ങളിലൊന്നും തന്നെ ഒതുങ്ങാതെ ഒരു അദൃശ്യനായ് ആ പട്ടുനൂൽപ്പുഴുവിൻ്റെ ബാല്യം തൻ്റെ ധർമ്മബോധത്തിലേക്ക് മുഴുകുന്നുണ്ടായിരുന്നു.
വ്യക്തതയ്ക്കും അവ്യക്തതയ്ക്കുമിടയിലുള്ള തൂക്കുപാലത്തിനു മുകളിൽ ആടിയുലയുന്നു വിജയനെന്ന പരാജിതൻ. സ്വപ്നങ്ങൾ സമ്മാനിച്ച മുറിവുകൾക്കരികിലൂടെ മാർദ്ദവമേറിയ നൂൽവരകൾ കെട്ട്പിണയുമ്പോഴും വിജയൻ്റെ കണ്ണുകളിൽ തെളിഞ്ഞത് ഒരു ഒറ്റയാൻ്റെ ശൗര്യമായിരുന്നു. ഏച്ചുകെട്ടിയ വ്രണത്തിനടുത്ത് നിരയായ് തീർത്തിരിക്കുന്ന സുഷിരങ്ങളിലൂടെ അയാൾ പ്രതീക്ഷകളുടെ നിലവറകളിലേക്കുള്ള കൽപ്പടവുകൾ തിരയുന്നുണ്ടായിരുന്നു. അപ്പോഴും പ്രത്യാശകളുടെ ആ ചുറ്റിക്കെട്ടുകൾ മുറിവുകളെ വല്ലാതെ മുറുക്കി കഥാതന്തുവിനെ കുത്തിത്തുളയ്ക്കുന്നതായ് അയാൾക്കു തോന്നി.
ഒരു ഇത്തിൾക്കണ്ണിയുടെ ചാഞ്ചാട്ടം പോൽ ആടിയുലയുന്നു ആനിയുടെ ജീവിതം. നാളെകളെന്ന ഭീതി തന്ന വ്യാകുലതകൾ ഇന്നിൻ്റെ ധ്യാനത്തെ തടസ്സപ്പെടുത്തിയപ്പോൾ നിലച്ചു പോയത് ഇന്നലെകളിൽ സ്വരുക്കൂട്ടിവച്ചിരുന്ന ഓർമകളുടെ ജീവസിരകളിലെ ഓട്ടപ്പാച്ചിലുകളായിരുന്നു. ജീവചെെതന്യത്തിൻ്റെ നീർക്കുമിളയായ് അനക്കങ്ങൾക്കും ജീവച്ഛവത്തിനുമിടയിൽ കാലമല്ലാക്കാലത്തിൻ്റെ നിഴൽരൂപമെന്നോണം കലങ്ങിമറിയുന്നു അവളും അവളുടെ ചിന്തകളും.
മരണമെന്നത് മറവിയിലേക്കുള്ള എളുപ്പവഴിയാണെന്ന കാലം പഠിപ്പിച്ച പച്ചക്കള്ളം പട്ടുനൂൽപ്പുഴുവിനാൽ വേരോടെ പിഴുതെറിയപ്പെടുന്നുണ്ടായിരുന്നു. മരിച്ചു പോയതും പേരറിയാത്തതുമായ ഒരു പെൺകുട്ടി വന്ന് കാലത്തെ പതിറ്റാണ്ടുകൾക്ക് പിന്നിലേക്കു വലിച്ചു കൊണ്ടു പോയപ്പോൾ അക്ഷരാർത്ഥത്തിൽ കാലത്തിൻ്റെ ആ മുഖംമൂടിയാണ് അഴിഞ്ഞു വീണത്. മരണത്തോളം മറവിയെന്ന വ്യാജവാക്യത്തിന് സാംസയെന്ന ബാലൻ്റെ ഒരേയൊരു വിളിയിൽ വിരാമചിഹ്നം കുറിക്കുന്നുണ്ടായിരുന്നു.
"മരിച്ചു പോയ പെൺകുട്ടീ..."
ഈന്തുമരത്തിൻ്റെ പൊക്കിൾക്കൊടിയിലേക്കു തളയ്ക്കപ്പെട്ട മദഗജമെന്നോണം സ്റ്റീഫനെന്ന ഭ്രാന്തനും നമ്മെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്നു. ബന്ധനങ്ങളുടെ കെട്ടുപാടുകൾ മരണമെന്ന സ്വാതന്ത്ര്യം വരെ കൂടെകൂടുമെന്ന് ഓർമ്മിപ്പിക്കുന്നു ആ ചങ്ങലയാഭരണത്തിൻ്റെ ഗർജ്ജന ശബ്ദങ്ങൾ.
പുസ്തകങ്ങളടുക്കി വച്ച മുറിയിലിരിക്കുന്ന മാർക്ക് സാറും, പറമ്പിൽ കുഴിയെടുത്തു കൊണ്ടിരിക്കുന്ന ദാമുവും, വീട് എന്ന പ്രപഞ്ചത്തിൽ തളയ്ക്കപ്പെട്ടിരിക്കുന്ന ശ്യാമയും, സകലരെയും നോക്കി വാലാട്ടുന്ന ഇലു എന്ന പട്ടിയും നമ്മെ ചിന്തകളുടെ പല പല കോണുകളിലേക്ക് നടത്തിക്കുന്നു. ഭൂമിയിലെ ഓരോ ജീവിതവും ഓരോ വേഷമണിഞ്ഞിരിക്കുന്ന അഭിനേതാക്കളാണ്, എന്നു നമ്മെ ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു.
ഒരു പട്ടുനൂൽപ്പുഴുവിൻ്റെ സഞ്ചാരപാതയിലെ ചലനമെന്നോണം എസ്. ഹരീഷ് എന്ന മാന്ത്രികൻ്റെ കരങ്ങളിലെ തൂലികയിൽ നിന്നുമുതിരുന്ന വട്ടെഴുത്തിൻ്റെ മാസ്മരികത വായനക്കാരൻ്റെ ചിന്തകളെ മന്ദം മന്ദം ഈ കഥയിലേക്ക് വലിച്ചടുപ്പിക്കുകയാണ്. ഇനിയൊരിക്കലും ഇറങ്ങിപ്പോകാനിടയില്ലാത്ത വിധം ആ പാതയോരങ്ങളും പറമ്പുകളും പുൽമേടുകളും തങ്ങളുടെ സ്വാധീന വലയത്തിനുള്ളിലേക്ക് പിടിച്ചു കൊണ്ടുപോകുന്നു. അങ്ങനെ പേരറിയാത്ത ഏതോ ദേശത്തെ ഒരു സ്ഥിരവാസിയായ് മാറുകയാണ് ഓരോ വായനക്കാരനും...
അപ്പോഴും ചില ജീവിതപാഠഭാഗങ്ങൾ കൺമുന്നിലൂടെ യാഥാർത്ഥ്യങ്ങളുടെ തേരിലേറി കുതിപ്പുപാഞ്ഞു കൊണ്ടേയിരിക്കുന്നു.
"ഒരാളും തൻ്റെ വീഴ്ച്ച മനപ്പൂർവ്വം സൃഷ്ടിച്ചെടുക്കാറില്ല. ഉത്തമബുദ്ധി പരാജയപ്പെട്ടാലും ചുവടുകൾ പിഴച്ച് വീണാലും അത് ബോധപൂർവ്വം ചെയ്തതാണെന്ന് പറയാനും കേൾക്കാനുമാണ് ആളുകൾക്കിഷ്ടം. ഒരാളുടെ തകർച്ച പോലെ മറ്റു മനുഷ്യരെ ആനന്ദത്തിലാഴ്ത്തുന്ന വേറൊരു കാര്യമില്ല''
യാത്ര തുടരുകയാണ്...
സാംസയുടെ നടത്തത്തിനൊപ്പം...
വിജയൻ്റെ പരാജയങ്ങൾക്കൊപ്പം...
ആനിയുടെ ആകുലതകൾക്കൊപ്പം...
സ്റ്റീഫനൊപ്പം...
മരിച്ചു പോയ പെൺകുട്ടിക്കൊപ്പം...
പട്ടുനൂൽപ്പുഴു സമ്മാനിച്ച പട്ടുടയാടയുമുടുത്ത്...
ഈ കവലയിലൂടെ...
ഇടവഴിയിലൂടെ...
ഈന്തുമരത്തണലിലൂടെ...
✒️ മർവാൻ റിയാസ്