ഏർക്കാനയിലെ മരണവംശം
മേൽക്കോയ്മയുടെ കുന്തമുനകൾ നെഞ്ചുംകൂട് തകർത്തെറിഞ്ഞു കൊണ്ട് മനുഷ്യഹൃദയങ്ങളുടെ വള്ളിപ്പടർപ്പിലേക്ക് ചാട്ടുളി കണക്കെ കുത്തിയിറക്കുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയ ആചാരമല്ല. അതിന് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്.
കലഹമെന്ന കാലനെയും കൂടെപ്പിറപ്പായ് കൂടെ കൂട്ടി മനുഷ്യനെന്ന മറുത ഒരു മലയക്ഷിയെ പോൽ ഉറഞ്ഞാടിയപ്പോൾ മലീമസമായത് മനുഷ്യത്വം എന്ന മസ്തകക്കാമ്പായിരുന്നു. കലിയുടെ കാൽപ്പെരുമാറ്റമെന്നോണം കാമവും ക്രോധവും രണ്ടും രണ്ടല്ലാത്ത തരത്തിൽ ഉറഞ്ഞു തുള്ളിക്കൊണ്ടിരിക്കുന്നു. ദൈവങ്ങൾ പോലും നാണിച്ചു പോകുന്ന തലത്തിലേക്കെത്തുന്നു, ഇരുകാലിയുടെ ഈ പ്രയാണം.
പി വി ഷാജികുമാറിൻ്റെ രചനയിൽ മാതൃഭൂമി ബുക്സ് പുറത്തിറക്കിയ മരണവംശം എന്ന നോവൽ, വായനക്കാരനെ കൊണ്ടെത്തിക്കുന്നത് അത്തരം മൃഗയാവിനോദങ്ങൾക്കിടയിലേക്കാണ്. പതിനെട്ടു നിറങ്ങളിലൂടെ നിറഞ്ഞാടിക്കൊണ്ട് ഏർക്കാനയിലേക്കെത്തുന്ന വംശാവലി നമ്മോടു പറഞ്ഞു തരുന്നത് മനുഷ്യനും മറ്റൊരു മൃഗമാണെന്ന അപ്രിയസത്യമായിരുന്നു. ചാവടുക്കയും പേത്താളങ്കാനവും കടന്ന് മൈത്താണിക്കാട് ചുറ്റി പാലോർപ്പുഴയെ തഴുകിയെത്തുന്ന കാറ്റ് ഏർപ്പിലേക്കും അള്ളത്തടുക്കയിലേക്കും കടക്കുമ്പോഴേക്കും ഒരു ചാവടിയന്തിരത്തിൻ്റെ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടാകും. വഴിയരികിലെല്ലാം കുഞ്ഞമ്മാറിൻ്റെയും കൊട്ടൻ്റെയും ജാനകിയുടെയും ഗോപാലൻ പണിക്കരുടെയും വംശവിത്തുകൾ മുള്ളുമുരിക്കു പോലെ വളർന്ന് ഏർക്കാനയിലെ അണങ്ങുകൾക്ക് കാവലിരിക്കുന്നുണ്ടാകും. ചതിയും ചീകലുകളും രതിയും രോദനങ്ങളും മൂക്കാത്തവണ്ണം കായ്ക്കാത്തവണ്ണം ഏർക്കാനയിലെ മുരട്ടു വംശാവലിയിലൂടെ ഏന്തുകാലുകൾ വലിച്ചു നീങ്ങുന്നത് നമുക്കു കാണാം. അതിനൊപ്പം കല്ലും കാലനും മുള്ളും മയിലുകളും ഒരു ദീർഘനിശ്വാസത്തിൻ്റെ അകമ്പടിയോടു കൂടി നമുക്കീ കഥയുടെ ചുരുളുകൾ നിവർത്തുന്നുണ്ടാകും. വകതിരിവിൻ്റെ വകമാറ്റത്തിൽ വക്കാണിക്കയറിൻ്റെ മറ്റേയറ്റത്ത് മുക്രയിടുന്ന മൂരിക്കുണ്ടൻമാരെയും ഏർക്കാനയിലെ പച്ചമണ്ണിനെ ചവിട്ടിമെതിച്ച് മുന്നേറുന്നതു കാണാം.
അപ്രിയസത്യങ്ങൾക്കുമപ്പുറത്തെ മനുഷ്യവംശത്തിൻ്റെ ചതിയുടെയും ചമയത്തിൻ്റെയും കഥ പറഞ്ഞ് വായനക്കാരനു മുന്നിൽ പച്ചയായ ജീവിതങ്ങളെ വരച്ചു കാട്ടിയ എഴുത്തുകാരൻ പി വി ഷാജികുമാറിനും മാതൃഭൂമി ബുക്സിനും ഒരായിരം നന്ദി...
✒️ മർവാൻ റിയാസ്