പട്ടുനൂൽപ്പുഴു; പച്ചയായ ജീവിതങ്ങളുടെ കാണാപ്പുറങ്ങൾ തേടി ഒരു യാത്ര.
പട്ടുനൂൽപ്പുഴു; പച്ചയായ ജീവിതങ്ങളുടെ കാണാപ്പുറങ്ങൾ തേടി ഒരു യാത്ര. ജീവിതത്തിലുണ്ടാകുന്ന ഒറ്റപ്പെടൽ വേദനയാണു നിങ്ങൾക്കു സമ്മാനിക്കുന്നുവെങ്കിൽ നിങ്ങൾ സാംസയെ ഓർക്കുക. മനസ്സിനെ ബാധിച്ച മുറിവുകളിൽ നിന്നും വ്യത്യസ്തമായൊരു ജീവിതാസ്വാദനം നിങ്ങളെ വന്നു പൊതിയും. എസ്. ഹരീഷ് എഴുതി ഡിസി ബുക്സ് പുറത്തിറക്കിയ പട്ടുനൂൽപ്പുഴു എന്ന നോവൽ വായിച്ചപ്പോൾ തോന്നിയത് അതാണ്. ജീവിതയാഥാർഥ്യങ്ങൾ അർദ്ധനഗ്നനായ് വിഹരിക്കുന്ന താളുകളിലൂടെ വായനക്കാരൻ്റെ ചിന്തകളിലേക്ക് സാംസയെന്ന പതിമൂന്നുകാരൻ ഒരു ചിങ്ങമഴ പോലെ അരിച്ചിറങ്ങുകയായിരുന്നു. ഉണ്മയുടെയും ഉറക്കത്തിൻ്റെയും ഇടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്നൊരു പുഴ പോലെ അതങ്ങനെ ഒഴുകുന്നുണ്ടായിരുന്നു. ചുറ്റുവട്ടത്തിൻ്റെ സമവാക്യങ്ങളിലൊന്നും തന്നെ ഒതുങ്ങാതെ ഒരു അദൃശ്യനായ് ആ പട്ടുനൂൽപ്പുഴുവിൻ്റെ ബാല്യം തൻ്റെ ധർമ്മബോധത്തിലേക്ക് മുഴുകുന്നുണ്ടായിരുന്നു. വ്യക്തതയ്ക്കും അവ്യക്തതയ്ക്കുമിടയിലുള്ള തൂക്കുപാലത്തിനു മുകളിൽ ആടിയുലയുന്നു വിജയനെന്ന പരാജിതൻ. സ്വപ്നങ്ങൾ സമ്മാനിച്ച മുറിവുകൾക്കരികിലൂടെ മാർദ്ദവമേറിയ നൂൽവരകൾ കെട്ട്പിണയുമ്പോഴും വിജയൻ്റെ കണ്ണുകളിൽ തെളിഞ്ഞത് ഒരു ഒറ്റയാൻ്റെ ശൗര്യമായിര...